ആലപ്പുഴ: സ്കൂള്‍ കലോത്സവത്തില്‍ അറബിക് കുഞ്ഞുനാളിലേ പഠിച്ചുവന്നവരോടൊപ്പം അറബിക് പദ്യം ചൊല്ലലില്‍ മാറ്റുരച്ച് എഗ്രേഡ് നേടി കൗതുകമായിരിക്കുകയാണ് കാസര്‍കോട്ടെ അമല മാത്യു. അറബിക് പദ്യം ചൊല്ലലില്‍ അടുത്ത കാലത്തായി കാസര്‍കോട് ജില്ലയെ പ്രതിനിധീകരിക്കുന്നത് അമല മാത്യു ആണ്.
മലയോരത്തെ കുടിയേറ്റ ഗ്രാമമായ തോമാപുരത്തെ സെന്റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് അമല. ഒന്‍പതാം ക്ലാസ് മുതല്‍ എ ഗ്രേഡ് ഉറപ്പിച്ചാണ് മടങ്ങാറ്. മുസ്ലീം വിഭാഗത്തിന്റെ കുത്തകയായ അറബികില്‍ സാധാരണ
ക്രിസ്ത്യന്‍ വിശ്വാസിയായ കര്‍ഷകന്റെ മകള്‍ സുവര്‍ണനേട്ടവുമായി മടങ്ങുമ്പോള്‍ നാട്ടുകാര്‍ക്കും കൗതുകമേറുകയാണ്.
അമല മാത്യുവിന്റെ പ്രമേയം ഇത്തവണ ഹാദിയയായിരുന്നു. നേരത്തെ
മാന്‍ഹോളിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഓടയില്‍ വീണ് മരിച്ച കോഴിക്കോട്ടെ നൗഷാദിന്റെയും പാകിസ്ഥാനില്‍ തീവ്രവാദികളുടെ അക്രമങ്ങള്‍ നേരിട്ട മലാലയുടെ ജീവിതമടക്കം പ്രമേയമാക്കി കൈയ്യടികള്‍ നേടിയിരുന്നു. ബിബുബ്രിന് ജമീലിന് അയ ഹാദിയ എന്നുള്ള മൊയ്തു വാണിമേലിന്റെ വരികള്‍ സമീര്‍ ചെറുകുന്നാണ് പഠിപ്പിച്ചത്.
സമീറിന്റെ കീഴില്‍ പഠിച്ച പയ്യന്നൂര്‍ തായലേരി എസ്എബിജെഎം എച്ച്എസ്എസിലെ എംകെ മുബീനയും എ ഗ്രേഡ് നേടിയാണ് ആലപ്പുഴയില്‍ നിന്നും മടങ്ങിയത്.
മുബീനയും മൂന്നാം വര്‍ഷമാണ് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലെത്തുന്നത്. അടുത്തിടെ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിനെ പ്രമേയമാക്കി ശഹീദി ലിതീനിന് ദീനില്‍ ഇലാഹി എന്ന് തുടങ്ങുന്നതായിരുന്നു പദ്യം.
Discussion about this post