ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവില്‍ അജ്ഞാതരോഗം വ്യാപിച്ച വാര്‍ത്ത രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരുന്നു. അജ്ഞാതരോഗത്തിന് കാരണം കുടിവെള്ളത്തിലും പാലിലും കലര്‍ന്ന ലോഹാംശമാണെന്ന് പ്രാഥമിക കണ്ടെത്തല്‍.
നിക്കല്‍, ലെഡ് തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് വെള്ളത്തിലും പാലിലും കണ്ടെത്തിയത്. എയിംസില്‍ നിന്നുളള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധസംഘമാണ് എലുരുവില്‍ എത്തി പരിശോധന നടത്തിയത്. കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിക്ക് സമര്‍പ്പിച്ചു.
കേന്ദ്രആരോഗ്യമന്ത്രാലയം നിയഗിച്ച വിദഗ്ധ സംഘത്തിനു പുറമേ ലോകാരോഗ്യസംഘടനാ പ്രതിനിധികളും എലുരുവില്‍ എത്തിയിരുന്നു. വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ രോഗികളുടെ ശരീരത്തിലും പ്രദേശത്ത് നിന്ന് ശേഖരിച്ച കുടിവെള്ള സാംപിളുകളിലും കൂടിയ അളവില്‍ ലോഹത്തിന്റെ അംശം കണ്ടെത്തി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും അതിലെ ഫലം കൂടി അറിഞ്ഞാല്‍ മാത്രമേ അന്തിമനിഗമനത്തില്‍ എത്താന്‍ കഴിയൂവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ശനിയാഴ്ച മുതലാണ് എലുരുവിലെ നഗരമേഖലയില്‍ താമസിക്കുന്ന ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയത്. ആളുകള്‍ പെട്ടെന്ന് തളര്‍ന്നുവീഴുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുകയായിരുന്നു. അഞ്ഞുറിലധികം പേര്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു.
അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് കൂടുതല്‍ പേരും ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 505 പേര് ആരോഗ്യനില സാധാരണ നിലയിലായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. 120 പേര് പ്രദേശത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.
Discussion about this post