മൂന്നാര്‍: ഈ വര്‍ഷത്തെ പ്രളയം നമുക്ക് നല്കിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടല്‍. പെട്ടിമുടി എന്ന ഗ്രാമത്തിലെ സ്വകാര്യ തേയിലതോട്ടത്തിലായിരുന്നു എണ്‍പതോളം ജീവനെടുത്ത അപകടം നടന്നത്. അവിടെ താമസിക്കുന്ന തോട്ടതൊഴിലാളികളുടെ ജീവന് തന്നെയാണ് നഷ്ടപ്പെട്ടത്.
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടും ദുരിതത്തിലായവരാണ് മാടസാമിയും ധര്മത്തായിയും. സ്വന്തമായി വീടോ നോക്കാന്‍ ബന്ധുക്കളോ ഇല്ലാത്ത ഇവര്‍ മൂന്നാര്‍ ശിക്ഷക് സദനില്‍ കഴിയാന്‍ തുടങ്ങിയിട്ട് നാലുമാസമായി. റവന്യൂ വകുപ്പും പോലീസും പട്ടിക വികസന വകുപ്പ് അധികൃതരും കൈയ്യൊഴിഞ്ഞതായാണ് പുതിയ ആരോപണം. അതുകൊണ്ടു തന്നെ പല ദിവസങ്ങളിലും ഇവര്‍ക്ക് ഭക്ഷണമില്ല. ഓഗസ്റ്റ് 15ന് പെട്ടിമുടിയില്‍ നിന്നും കൊവിഡ് ക്വാറന്റൈന് കേന്ദ്രമായ മൂന്നാര്‍ ശിക്ഷക് സദനിലേക്ക് പോലീസുകാര്‍ ഇവരെ മാറ്റിപാര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ തലചായ്ക്കാന്‍ വേറെ ഇടമില്ലാത്തതുക്കൊണ്ട് ഇവര്‍ ഇവിടെ തന്നെ താമസം തുടരുകയായിരുന്നു.
മാടസാമി പെട്ടിമുടി തോട്ടത്തൊഴിലാളിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനസികാസ്വാസ്ഥ്യം ഉണ്ടായതോടുകൂടി തൊഴില്‍ നഷ്ടപ്പെടുകയും അതോടുകൂടി ഭാര്യയും മക്കളും ഉപേക്ഷിച്ചു പോവുകയും ചെയ്തു.മാനസികനില ശരിയായതോടെ ചുമടെടുത്ത് ജീവിക്കാന്‍ തുടങ്ങി. മാനസികാസ്വാസ്ഥ്യം മൂലം വീടുവിട്ടിറങ്ങിയതാണ് ധര്മത്തായി. ഇടമലകുടി പെരുങ്കടവ് സ്വദേശിയാണ് ഇവര്‍. പിന്നീടാണ് ഇവര്‍ രണ്ടുപേരും കണ്ടുമുട്ടിയതും ഒരുമിച്ചു താമസിക്കാന്‍ തുടങ്ങിയതും.
ദുരന്തത്തിനുശേഷം മാറ്റിപാര്‍പ്പിച്ച കണ്ണന് ദേവന് തേയില തൊഴിലാളികള്‍ക്ക് കമ്പനി താല്കാലിക താമസസൗകര്യം നല്‍കിയിരുന്നു. മാടസാമി കമ്പനി തൊഴിലാളി അല്ലാത്തതിനാല്‍ ഈ ആനുകൂല്യം ലഭിച്ചില്ല. ഇന്നേവരെ ഇവരെ തേടി ആരും വന്നട്ടില്ല. താമസിക്കാന്‍ ഇടമുണ്ടെങ്കിലും ഇവര്‍ക്ക് മിക്ക ദിവസങ്ങളിലും ഭക്ഷണമില്ല. തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്നെങ്കിലും ഇവരെ അന്വഷിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഇവരുള്ളത്.
Discussion about this post