‘ഇന്ധന വിലവര്‍ധനവിനെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍; പ്രതിപക്ഷത്തുള്ളപ്പോള്‍ അങ്ങനെ പല സമരവും നടത്തും; പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമായിരിക്കും സ്വീകരിക്കുക എന്ന് തുറന്ന് സമ്മതിച്ച് കെ സുരേന്ദ്രന്‍,

k surendran, petrol | bignewslive

എറണാകുളം: ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ധന വിലവര്‍ധനവിനെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണെന്നും പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ അങ്ങനെ പല സമരവും നടത്തുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പെട്രോള്‍ വില വര്‍ധനവിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കെ സുരേന്ദ്രന്റെ വിചിത്ര മറുപടി.

പെട്രോള്‍ വില തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആരാണ് ഇതൊക്കെ നോക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. പെട്രോള്‍ വിലവര്‍ധനവ് ജനങ്ങളെ ബാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. താങ്കള്‍ തന്നെ മുന്‍പ് പെട്രോള്‍ വിലവര്‍ധനവിനെതിരെ വണ്ടിയുന്തി പ്രതിഷേധിച്ചതാണല്ലോ എന്ന ചോദ്യത്തിന് ഞാന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ സമരം ചെയ്യും. ഏതു വിഷയത്തിലും അങ്ങനെയാണ്. അതിനെന്താ കുഴപ്പം, ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആള്‍ക്കാരുണ്ടല്ലോ എന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നിലപാട് ആയിരിക്കും ബിജെപി സ്വീകരിക്കുക എന്ന് തുറന്ന് സമ്മതിക്കുന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്റെ പ്രസ്താവന.

Exit mobile version