തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പോളിങ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.
ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട്. ഭരണ പ്രതിപക്ഷത്തെ നേതാക്കള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി.
അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 88,26,620 വോട്ടര്‍മാരാണ് ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.
കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്.ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ.സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒന്നരലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണ് രംഗത്ത് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനാണ് ആദ്യഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് പൊരുതുമ്പോള്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പത്തനംതിട്ടയിലും ഇടുക്കിയിലും നേരെ തിരിച്ചും. അതേസമയം ഇത്തവണ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
Discussion about this post