തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തിലെത്തുന്നത്.
രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണത്തെ വോട്ടിംഗ് സമയം. കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്.ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ.
സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒന്നരലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണ് രംഗത്ത് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് ആരംഭിച്ചിട്ടുണ്ട്. കൃത്യം ഏഴുമണിക്ക് വോട്ടിംഗ് ആരംഭിക്കും.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനാണ് ആദ്യഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് പൊരുതുമ്പോള്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പത്തനംതിട്ടയിലും ഇടുക്കിയിലും നേരെ തിരിച്ചും. അതേസമയം ഇത്തവണ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
Discussion about this post