കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം എല്‍ഡിഎഫിനെ ശക്തമാക്കിയെന്ന് ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷം ലഭിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് ഉള്‍പ്പടെ യുഡിഎഫിന് വന്‍ പരാജയം നേരിടേണ്ടി വരുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മറ്റ് പലയിടങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം നടത്തിയപ്പോഴും കോട്ടയത്ത് യുഡിഎഫിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം എല്‍ഡിഎഫിനെ ശക്തമാക്കി. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫിന് ഇത്തവണ മുന്നേറ്റമുണ്ടാക്കാനാകില്ല. കോട്ടയത്ത് ഉള്‍പ്പടെ യുഡിഎഫിന് വന്‍ പരാജയം നേരിടേണ്ടി വരുമെന്നും ജോസ് കെ മാണി പറഞ്ഞു.
രണ്ടില ചിഹ്നം കിട്ടിയത് കൊണ്ട് അണികളെ ഒപ്പം നിര്‍ത്താനായി’. സിപിഐയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ആദ്യഘട്ടമായ ഡിസംബര്‍ 8ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 10 നും മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 14 നുമാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് . വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത്തവണ 2,76,56,579 വോട്ടര്‍മാര്‍ ആണ് വോട്ടവകാശം വിനിയോഗിക്കുന്നത്. 1,44,83,668 പേര് സ്ത്രീകളും 1,31,72,629 പേര് പുരുഷന്മാരും 282 പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടര്‍മാരില്‍ 17,25,455 പേര് സ്ത്രീകളും 16,29,154 പേര് പുരുഷന്മാരും 49 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. വയനാട്ടിലെ 6,25,453 വോട്ടര്‍മാരില്‍ 3,19,534 പേര് സ്ത്രീകളും 3,05,913 പേര് പുരുഷന്മാരും 6 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.
Discussion about this post