തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിനാല്‍ കൊവിഡ് ജാഗ്രത പാലിച്ച് വേണം എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കേണ്ടത്. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് വേണം വോട്ട് രേഖപ്പെടുത്താന്‍.
വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ രോഗവ്യാപനം ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.-
• വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
• കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.
• രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക.
• പരിചയക്കാരെ കാണുമ്പോള്‍ മാസ്ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്ക് വച്ച് സംസാരിക്കാന്‍ പറയുക.
• ആരോട് സംസാരിച്ചാലും 2 മീറ്റര്‍ അല്ലെങ്കില്‍ 6 അടി അകലം പാലിക്കണം.
• പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്.
• ഒരാള്‍ക്കും ഷേക്ക്ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.
• വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.
• ബൂത്തിനകത്ത് ഒരേസമയം പരമാവധി 3 വോട്ടര്‍മാര്‍ മാത്രം കയറുക.
• പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.
• അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്ക് മാറ്റി സംസാരിക്കരുത്.
• വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക.
• വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
• കമ്മിറ്റി ഓഫീസുകളിലെ പ്രവര്‍ത്തകരും മാസ്ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, കൈകള്‍ സാനിറ്റെസ് ചെയ്യണം.
Discussion about this post