തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി സായുധസേനാ പതാക ദിനത്തിൽ പങ്കുവെച്ച ചിത്രത്തെ വിമർശിച്ച എംപി ശശി തരൂരിന് മറുപടി നൽകി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രിയുടെ വസ്ത്രത്തിൽ സായുധ സേനയുടെ പതാക ചേർത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്റു മുതൽ മൻമോഹൻ സിങ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയില്ലെങ്കിൽ ശശി തരൂർ അത് പഠിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.
സായുധസേന പതാകദിനത്തിൽ സൈനിക ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിക്ക് പതാക ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം മോഡി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. രാജ്യത്തെ സൈനികരെ ആദരിക്കണമെന്ന സന്ദേശത്തിനൊപ്പമാണ് മോഡി ചിത്രം പങ്കുവെച്ചത്. ഇതിനെ വിമർശിച്ചാണ് തരൂർ രംഗത്തെത്തിയത്.
Why celebrate #ArmedForcesFlagDay w/ a pic of the PM being felicitated? On their day at least, could the focus be on the real heroes of the Armed Forces? https://t.co/dMUGntmLq4
— Shashi Tharoor (@ShashiTharoor) December 7, 2020
‘സായുധസേനാ പതാക ദിനത്തിൽ മോഡിയെ സൈനിക ഉദ്യോഗസ്ഥൻ ആദരിക്കുന്ന ചിത്രം എന്തിനാണ് പങ്കുവെച്ചത്. കുറഞ്ഞത് ഈ ദിവസമെങ്കിലും സൈന്യത്തിലെ യഥാർത്ഥ ഹീറോകൾക്ക് ശ്രദ്ധ നൽകാമായിരുന്നു’ എന്നാണ് തരൂർ വിമർശിച്ചിരുന്നത്.
ഇതിനുള്ള ഫേസ്ബുക്കിലൂടെയുള്ള മറുപടിയിലാണ് ശോഭ സുരേന്ദ്രൻ ശശി തരൂരിനോട് അറിയാത്ത വിഷയങ്ങളിൽ പഠിക്കാതെ പ്രതികരിച്ചാൽ കൈപൊള്ളുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
”ഗുരുജി ഗോൾവാൾക്കറിൽ കൈ പൊള്ളിയ ശേഷം ‘വിശ്വ പൗരൻ’ ശശി തരൂരിന്റെ അടുത്ത പ്രശ്നമാണ് ഈ ചിത്രം. സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ചിത്രം എന്തോ വലിയ പാതകമായിട്ടാണ് ശശി തരൂർ വിലയിരുത്തുന്നത്. അങ്ങ് യു എന്നിലായിരുന്നത് കൊണ്ടാവും ഇവിടുത്തെ ചടങ്ങുകളെ പറ്റി വലിയ ധാരണയില്ലാത്തത്. സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രിയുടെ വസ്ത്രത്തിൽ സായുധ സേനയുടെ പതാക ചേർത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണ് എങ്കിൽ ശശി തരൂർ അത് പഠിക്കണം. ഇല്ലെങ്കിൽ ഇങ്ങനെ വീണ്ടും വീണ്ടും കൈ പൊള്ളേണ്ടി വരും. ജാഗ്രതെ!”- ശോഭാ സുരേന്ദ്രൻ കുറിച്ചു.
Discussion about this post