പിറവം: പിറവം വലിയ പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് എത്തിയ പോലീസ് സംഘര്‍ഷം കണക്കിലെടുത്ത് പിന്‍വാങ്ങി. സ്ത്രീകളുള്‍പ്പെടെ നിരവധി വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി പള്ളിമേടയുടെ മുകളില്‍ നിലയുറപ്പിക്കുകയും മണ്ണെണ്ണ ദേഹത്തൊഴിക്കുകയും ചെയ്തതോടെ പോലീസ് നടപടികള്‍ അവസാനിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഓര്‍ത്തോഡോക്സ് സഭയില്‍ നിന്നാരും പള്ളിപ്പരിസരത്തേക്ക് എത്തിയില്ല
കഴിഞ്ഞദിവസം പള്ളി കവാടത്തിന് സമീപം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചത് മുതല്‍ വിശ്വാസികള്‍ പള്ളിയില്‍ കൂട്ടമായി എത്തുകയും പ്രാര്‍ത്ഥനാ യജ്ഞം ആരംഭിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയോടെ പള്ളി പരിസരവും പിറവം ടൗണും പോലീസ് വലയത്തിലായി. ഇതോടെ യാക്കോബായ സഭാ വിശ്വാസികള്‍ പലപ്രദേശങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നു.
ഓര്‍ത്തഡോക്സ് വിഭാഗം അവരുടെ ചാപ്പലിന് സമീപം ഒത്തുചേര്‍ന്നതോടെ ഉച്ചയോടെ ഏതുനിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥയിലേക്ക് നീങ്ങി. മൂന്ന് മണിയോടെ ആര്‍ഡിഒ മധുസൂദനന്, എസ്പി രാഹുല്‍ ആര് നായര്‍, ഡിവൈഎസ്പി ജി വേണു, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി രവീന്ദ്രന്, സിഐ ശിവന്‍കുട്ടി എന്നിവര്‍ ഇരുസഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറാകാതായതോടെ കോടതി ഉത്തരവ് നടപ്പിലാക്കുവാന്‍ പള്ളിയിലെ ആളുകളെ ഒഴിപ്പിക്കുവാന്‍ പോലീസ് ശ്രമിച്ചു.
ഇതിനിടയിലാണ് ആറു സ്ത്രീകള്‍ ഉള്‍പ്പടെ എട്ടുപേര്‍ ആത്മഹത്യാ ഭീഷണിയുമായി പള്ളിമേടയ്ക്ക് മുകളില്‍ കയറിയത്. ഇതിനിടയില്‍ ചിലര്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്ന സാഹചര്യവുമുണ്ടായി. ഇതോടെ പോലീസ് പള്ളിയൊഴിപ്പിക്കുവാനുള്ള ശ്രമം അവസാനിപ്പിക്കുകയായിരുന്നു.
പോലീസ് സംരക്ഷണയില്‍ ഓര്‍ത്തോഡോക്സ് വൈദികര്‍ പള്ളിയിലക്ക് എത്തുമെന്ന ധാരണ പരന്നതോടെയാണ് ദേഹം മുഴുവന്‍ മണ്ണെണ്ണയൊഴിച്ച് യാക്കോബായസഭ അല്മായട്രസ്റ്റി അടക്കം ആത്മഹത്യാഭീഷണയുമായി പിറവം പള്ളിയുടെ മണിമേടക്ക് മുകളില്‍ നിലയുറപ്പിച്ചത്. പള്ളിയുടെ ഗേറ്റ് താഴിട്ട് പൂട്ടി ഇടവകാംഗങ്ങളും താഴെയും പ്രതിരോധം തീര്‍ത്തു.
Discussion about this post