കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അതേസമയം നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ തന്റെ ജാമ്യഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ തനിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഇല്ല, ഒന്നര കൊല്ലമായി അന്വേഷണം നടക്കുന്ന കേസില്‍ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ സാധ്യതയില്ലെന്നും ഇബ്രാഹിംകുഞ്ഞിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയാണ് വികെ ഇബ്രാഹിംകുഞ്ഞ്. പാലം നിര്‍മാണ ചുമതലയുള്ള ആര്‍ഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം അനുവദിച്ചുവെന്നതാണ് മുന്‍മന്ത്രിക്കെതിരായ കുറ്റം. നിലവില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.
Discussion about this post