കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ തനിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഇല്ല, ഒന്നര കൊല്ലമായി അന്വേഷണം നടക്കുന്ന കേസില്‍ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ സാധ്യതയില്ലെന്നും ഇബ്രാഹിംകുഞ്ഞിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയാണ് വികെ ഇബ്രാഹിംകുഞ്ഞ്. പാലം നിര്‍മാണ ചുമതലയുള്ള ആര്‍ഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം അനുവദിച്ചുവെന്നതാണ് മുന്‍മന്ത്രിക്കെതിരായ കുറ്റം. നിലവില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.