മാവേലിക്കര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും പാരലൽ കോളജ് അധ്യാപകനുമായ ചെട്ടികുളങ്ങര ഈരേഴ തെക്ക് ചെമ്പോലിൽ കെ മഹാദേവൻപിള്ള (60) ആണ് കുഴഞ്ഞു വീണു മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു ദാരുണസംഭവം. തിങ്കളാഴ്ച വിതരണം ചെയ്യേണ്ട സ്ലിപ്പുകൾ വീട്ടിലിരുന്നു എഴുതുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
നേരത്തെ, സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചിരുന്നു.
കൊല്ലം പന്മന, ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ (11), എറണാകുളം കളമശേരി മുൻസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാർഡ് (37), തൃശ്ശൂർ കോർപ്പറേഷനിലെ പുല്ലഴി (47), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിയത്.
പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.















Discussion about this post