ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികളെ പിടികൂടി. കട്ടപ്പനയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെയാണ് കട്ടപ്പനയില്‍ നിന്നും പിടികൂടിയത്.
എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് ഹാരിസിനേയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് വെള്ളിയാഴ്ച്ച വൈകിട്ട് കഞ്ചാവും ലഹരി വസ്തുക്കളുമായി നജീബ്, നസീം എന്നിവരെ എക്‌സൈസ് പിടികൂടിയിരുന്നു. 25 ഗ്രാം കഞ്ചാവും 4.41 ഗ്രാം എം.ഡി.എമ്മും ഇവരില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 5.30ന് ഉദ്യോഗസ്ഥരെ അക്രമിച്ച ശേഷം എക്‌സൈസ് ഓഫീസിലെ ലോക്കപ്പില്‍ നിന്നും പ്രതികള്‍ ഓടി രക്ഷപെട്ടിരുന്നു.
പ്രതികളുടെ ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ഡി.ദീപു, ജോര്‍ജ് പൈവ എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ പുലര്‍ച്ചെ ശൗചാലയത്തില്‍ പോകണമെന്ന് പ്രതികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ലോക്കപ്പിന്റെ വാതില്‍ തുറന്നത്. ഈ തക്കം നോക്കി ഉദ്യോഗസ്ഥരെ തള്ളിയിട്ട പ്രതികള്‍ ഓടി മറയുകയായിരുന്നു.