കൊയിലാണ്ടി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വരനുനേരെ വധുവിന്റെ ബന്ധുക്കളുടെ ആക്രമണം. വരനും ബന്ധുക്കളും സഞ്ചരിച്ച കാറ് തടഞ്ഞ് നിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കീഴരിയൂരില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വടിവാളടക്കം ആയുധങ്ങളുമായെത്തി കാര്‍ തടഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ പട്ടാപ്പകല്‍ അവരെ വഴിയില്‍ വച്ച് ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ റജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്. ഇതിന്മേല്‍ ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു.
ഇതനുസരിച്ച് നിക്കാഹിനായി വരന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേല്‍പിച്ചത്. വരന്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പട്ടാപ്പകള്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമ സംഭവങ്ങള്‍ അരങ്ങെറിയത്.
നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന്‍ നഷ്ടമാകാതെ പോയത്. ഇതിനൊടകം ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അക്രമികള്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്പി ഡോ. ശ്രീനിവാസ് പ്രതികരിച്ചു.
Discussion about this post