കേളകം: പാറത്തോട്ടിലെ വീട്ടില്‍ തനിച്ചു താമസിക്കുന്ന അറുപതുകാരി ശകുന്തള എന്ന വീട്ടമ്മ മൂന്ന് വര്‍ഷമായി മുടങ്ങാതെ വൈദ്യുതി ബില്ലടയ്ക്കുന്നു. പക്ഷേ വൈദ്യുതിയില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി മോഹന വാഗ്ദാനങ്ങളുമായി പ്രതിനിധികളും രംഗത്തുണ്ട്. പ്രശ്‌നപരിഹാരം ചെയ്യുമെന്ന ഉറപ്പും. എങ്കിലും ഇരുട്ടില്‍ നിന്നും മോചനം ലഭിക്കും എന്ന പ്രതീക്ഷ ശകുന്തളയ്ക്കും മങ്ങി തുടങ്ങിയ അവസ്ഥയിലാണ്.
ബില്‍ അടയ്ക്കുമെങ്കിലും, നേരം ഇരുട്ടിത്തുടങ്ങിയാല്‍ വീട്ടില്‍ മണ്ണണ്ണ വിളക്കിന്റെ സഹായം ഇല്ലാതെ ശകുന്തളയ്ക്ക് കഴിച്ചുകൂടാനാകില്ല. വീട്ടില്‍ വൈദ്യുതിയില്ലാഞ്ഞിട്ടും ബില്ലടയ്‌ക്കേണ്ടി വരുകയാണ് ഈ വീട്ടമ്മ. മൂന്ന് വര്‍ഷം മുമ്പുവരെ വൈദ്യുതി ലഭിച്ചിരുന്നു. ഇടയ്ക്ക്, മരം വീണ് പള്ളിക്കക്കോണത്തുള്ള വീടിന്റെ ഒരു വശം മുഴുവനായി നാശനഷ്ടങ്ങള്‍ സംഭവിച്ചതോടെ വെളിച്ചം നിലച്ചത്.
അതോടെ മീറ്റര്‍ സ്ഥാപിക്കേണ്ട അവസ്ഥയുമായി. എന്നാല്‍ മീറ്റര്‍ സ്ഥാപിക്കണമെങ്കില്‍ പുതിയ പോസ്റ്റ് ഇടണമെന്ന് കെഎസ്ഇബി അറിയച്ചതോടെ ഈ വീട്ടമ്മ അങ്കലാപ്പിലുമായി. നേരത്തെ മീറ്റര്‍ സ്ഥാപിച്ചിടത്ത് നിന്നും അഞ്ചു മീറ്റര്‍ അകലെയായി പുതിയതൊന്ന് സ്ഥാപിക്കാന്‍ സൗകര്യം നല്‍കിയിട്ടും വീട്ടിലേയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കെഎസ്ഇബി തയാറായ്യില്ലെന്ന് ശകുന്തള പറയുന്നു. നിലവില്‍ മീറ്റര്‍ താത്കാലികമായി സ്ഥാപിച്ചിട്ടുള്ളത് വീടിനു സമീപത്തായി നില്‍ക്കുന്ന പ്ലാവിലാണെന്നും എന്നാല്‍ ഇതില്‍ നിന്ന് ഇവര്‍ക്ക് വൈദ്യുതി ലഭിക്കുന്നില്ലെന്നും ശകുന്തള പറഞ്ഞു.
നാലു മാസം മുമ്പ് പോസ്റ്റില്‍ നിന്നുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിട്ടും വൈദ്യുതി ബില്ലടയ്‌ക്കേണ്ട അവസ്ഥയാണ്. ബിപിഎല്‍ വിഭാഗത്തില്‍ പ്പെട്ട ശകുന്തളയ്ക്ക് നേരത്തെ വൈദ്യുതി കണക്ഷന്‍ സ്വന്തമായി ഉണ്ടായിരുന്നതിനാല്‍ ബിപിഎല്‍ വിഭാഗക്കാര്‍ക്കുള്ള സൗജന്യ പോസ്റ്റിനുള്ള ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല.പല തവണ അപേക്ഷകള്‍ നല്‍കുകയും വാര്‍ഡ് പ്രതിനിധികളോട് അടക്കം പരാതിപെടുകയും ചെയ്‌തെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ലെന്നും ആരോപണം ഉണ്ട്.
ഇത്തരത്തിലുള്ള ഒരു പ്രശ്‌നം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടിലെന്നും പരിഹാരത്തിനായി ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നും കേളകം കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട സ്ഥിതിക്ക് പരിശോധിച്ച് ഉടന്‍ പരിഹാരമുണ്ടാക്കാമെന്നും അറിയിച്ചിട്ടുണ്ട്.