തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളല്ലാത്ത കേരളത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികളെ ‘മലിനം’ എന്ന് വിശേഷിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ ബിജെപി യോഗത്തില്‍ വെച്ചാണ് സുരേഷ് ഗോപി വിദ്വേഷ പ്രസംഗം നടത്തിയത്.
‘നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍ അത്രക്ക് മലിനമാണ്. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും’ എന്ന് സുരേഷ് ഗോപി പറഞ്ഞു.
‘ഈ 31 പേരെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം’, എന്നും സുരേഷ് ഗോപി പറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാന്‍ ശ്രമിച്ചു. തിരിച്ച് ഒടിച്ചില്ല. പക്ഷെ ഒടിച്ചവന്മാറുടെയെല്ലാം നടു ഒടിഞ്ഞ് കിടക്കുകയാണെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടറിയേറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. കോരളത്തിലെ ജനങ്ങള്‍ക്കുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും നിങ്ങള്‍ ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്‍ഡിഎഫും വരില്ല യുഡിഎഫും വരില്ല. രണ്ടും തുലയും. നിങ്ങള്‍ വിചാരിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാവുക. സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറന്നേക്കൂ. എല്ലാ വാര്‍ഡുകളിലും ബിജെപി ജയിച്ചു വരും. എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post