കേരള, എംജി, ആരോഗ്യ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Exams | Kerala news

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രധാന സർവകലാശാലകളായ കേരള, എംജി, ആരോഗ്യ സർവകലാശാല തുടങ്ങിയവ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇതോടൊപ്പം, നാളെ നടത്താനിരുന്ന പിഎസ്‌സി ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിങ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിഎസ്‌സിയും പിന്നീട് അറിയിക്കും.

അതേസമയം, നാളെ നടക്കുന്ന പിഎസ്‌സി അഭിമുഖ പരീക്ഷയും മാറ്റി. അഭിമുഖങ്ങൾ മാറ്റില്ലെന്ന് മുമ്പ് സൂചനയുണ്ടായിരുന്നു. നാളെ ചേരാനിരുന്ന നിയമസഭ എത്തിക്‌സ് കമ്മിറ്റിയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇതിനിടെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച് ബുറെവി ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ അതിതീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ബുറെവി കേരളത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ശക്തികുറഞ്ഞ ന്യൂനമർദ്ദമായി വേഗത 30 മുതൽ 40 കിലോമീറ്ററായി മാറുമെന്നും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി മാറിയായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ആ സമയത്ത് മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോ മീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും. തുടർന്ന് മഴ പെയ്‌തേക്കാം.

നിലവിൽ ബുറെവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദ്ദമായി രൂപം മാറിയിട്ടുണ്ട്.

Exit mobile version