തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുന്നു. ബുറെവി ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ശക്തികുറഞ്ഞ ന്യൂനമർദ്ദമായി വേഗത 30 മുതൽ 40 കിലോമീറ്ററായി മാറുമെന്നും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി മാറിയായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ആ സമയത്ത് മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോ മീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും. തുടർന്ന് മഴ പെയ്‌തേക്കാം.
നിലവിൽ ബുറെവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദ്ദമായി രൂപം മാറിയിട്ടുണ്ട്. മാന്നാർ കടലിടുക്കിൽ എത്തിയ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ ഒമ്പത് കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രാമനാഥപുരത്തിന് സമീപത്ത് എത്തിയിരിക്കുകയാണ്.
ബുറെവി അതിതീവ്ര ന്യൂനമർദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 55 മുതൽ 65 കിമീ വരെയും ചില അവസരങ്ങളിൽ 75 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമർദം അർധരാത്രിയോട് കൂടി രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കാനാണ് സാധ്യത. കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
*ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി (Deep Depression) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.* …
Posted by Kerala State Disaster Management Authority – KSDMA on Thursday, 3 December 2020
Discussion about this post