കൊച്ചി: കേരളത്തെ ഞെട്ടിച്ച സോളാർ കേസുമായി ബന്ധപ്പെട്ട പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നെന്ന് പരാതിക്കാരിയായ യുവതി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെ പരസ്യ സംവാദത്തിന് യുവതി വെല്ലുവിളിക്കുകയും ചെയ്തു. നേരത്തെ, കെബി ഗണേഷ് കുമാർ നിർദേശിച്ചത് അനുസരിച്ചാണ് ഉമ്മൻചാണ്ടിക്കെതിരെ പീഡന പരാതി നൽകിയതെന്ന ആരോപണം ഉയർന്നിരുന്നു. ഈ സംഭവം വിവാദമായതോടെയാണ് യുവതി പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അന്വേഷണ സംഘത്തിന് രഹസ്യ മൊഴി നൽകിയതിനു ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കവെയാണ് യുവതി ഉമ്മൻചാണ്ടിക്കെതിരെ തിരിഞ്ഞത്. ഉമ്മൻ ചാണ്ടി തന്നെ െൈലംഗികമായി ചൂഷണം ചെയ്ത സ്ഥലവും സമയവും വെളിപ്പെടുത്താൻ താൻ തയ്യാറാണെന്നും പരാതിക്കാരി അറിയിച്ചു. കെസി വേണുഗോപാൽ, എപി അനിൽകുമാർ, എപി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതിയിലും ഉറച്ചുനിൽക്കുന്നെന്നും യുവതി പറഞ്ഞു.
ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ നാടകമാണെന്നും അവർ ആരോപിച്ചു. ഉമ്മൻചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഗണേഷ് കുമാർ ഇടപെട്ട് പിന്നീട് എഴുതി ചേർത്തതാണെന്നുമായിരുന്നു കേരള കോൺഗ്രസ് മുൻ നേതാവ് ശരണ്യ മനോജ് ഈയടുത്ത് വെളിപ്പെടുത്തിയത്. വീണ്ടും യുഡിഎഫ് മന്ത്രിസഭയിൽ അംഗമാക്കാത്തതിന്റെ വിരോധമാകാം ഉമ്മൻചാണ്ടിയുടെ പേര് സോളാർ കേസിലേക്ക് വലിച്ചിഴക്കാൻ കാരണമെന്നും ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു.