പാലക്കാട്: ജവാനെ രക്ഷിക്കാന്‍ വലംകൈ ത്യജിച്ച ജ്യോതി ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുഖത്തെ തിരക്കിലാണ്. ഇടംനെഞ്ചില്‍ കൈ വെച്ചാണ് ജ്യോതി വോട്ടുചോദിക്കാനെത്തുന്നത്. കൈയ്യില്ലാത്ത വലതുഭാഗത്ത് സാരി കൊണ്ട് മറച്ചാണ് ഛത്തീസ്ഗഡുകാരിയായ ജ്യോതി ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങുന്നത്. അപരിചിതനായ വികാസ് എന്ന സിഐഎസ്എഫ് ജവാനെ രക്ഷിക്കാനാണ് ജ്യോതി വലംകൈ ത്യജിച്ചത്. പിന്നീട് വികാസിന്റെ കൈപിടിച്ച് കേരളത്തിന്റെ മരുമകളായി തന്നെ കടന്നു വരികയായിരുന്നു.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ജ്യോതി. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന് പാലത്തുള്ളി ചീരയങ്കാട് പഞ്ചാനകുളമ്പില്‍ പിവി വികാസിന്റെ ഭാര്യയായി 2011 ലാണു കേരളത്തിലെത്തിയത്. ദണ്ഡേവാഡ ജില്ലയിലെ ബചേലി സ്വദേശിയായ ജ്യോതിക്കു കേരളത്തോടുള്ള അടുപ്പം തുടങ്ങിയത് 2010 ജനുവരി 3ന് ഒരു ബസ് യാത്രയ്ക്കിടെയാണ്.
ഛത്തീസ്ഗഡിലെ ദുര്‍ഗ് എന്ന പ്രദേശത്തുവെച്ച് ടാങ്കര്‍ ലോറിയുമായി ബസിന്റെ വശം കൂട്ടിയിടിക്കാന്‍ പോവുന്നതു ജ്യോതിയുടെ ശ്രദ്ധയില്‍പെട്ടു. ഇതറിയാതെ മുന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ പിന്നിലിരുന്ന ജ്യോതി തള്ളി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ജ്യോതിയുടെ വലതു കൈ അറ്റുപോവുകയായിരുന്നു. സിഐഎസ്എഫ് ബൈലാഡിലാ ക്യാംപില്‍ ജോലി ചെയ്യുകയായിരുന്ന വികാസിനെയാണു ജ്യോതി അന്നു രക്ഷപ്പെടുത്തിയത്.
Discussion about this post