നരച്ച താടി, വേഷവിധാനത്തിലും മുഖഛായയിലും മോഡി തന്നെ; പക്ഷേ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാത്രം ഇല്ല, വ്യത്യസ്തന്‍ കൊച്ചിയിലെ ഈ അപരന്‍

Narendra Modi dupe | bignewslive

കൊച്ചി: നഗരത്തിലെ കൊച്ചു വീട്ടില്‍ താമസിക്കുന്ന മോഡിയുടെ രൂപസാദൃശ്യമുളള സന്തോഷ് കുമാര്‍ ഷേണായിയാണ് ഇപ്പോള്‍ കൊച്ചിയിലെ താരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കാന്‍ കുറെയധികം ഓര്‍മ്മകള്‍ നിറഞ്ഞ സമ്മാനങ്ങള്‍ സൂക്ഷിച്ചുകൊണ്ടാണ് ഈ അപരന്‍ കാത്തിരിക്കുന്നത്. മാര്‍ബിള്‍ , ടൈല്‍സ് വ്യാപരിയായ സന്തോഷിന്റെ താമസം എറണാകുളത്തെ ടിഡി റോഡിലാണ്.

1970 കളില്‍ കേരളത്തില്‍ ഉപയോഗിച്ച ഭാരതീയ അംഗത്വ രസീത് പുസ്തകമാണ് സന്തോഷ് പ്രധാനമന്ത്രിക്ക് നല്‍കാനായി സൂക്ഷിച്ചിരുന്നത്. അതിനോടൊപ്പം 1952 ലെ കൊച്ചി മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അച്ഛന്‍ വെങ്കിടേശ്വര ഷേണായിയുടെ തെരഞ്ഞെടുപ്പ് നോട്ടീസും കാത്തുസൂക്ഷിക്കുന്നുണ്ട്.

1966ല്‍ ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കൊച്ചിയില്‍ നടന്നപ്പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത് സന്തോഷിന്റെ വീട്ടിലായിരുന്നു. അന്നത്തെ ദേശീയ നേതാക്കളുടെ യോഗത്തിന്റെ ഓര്‍മ നിലനിര്‍ത്താനാണ് സന്തോഷ് ഇന്നും ആ പഴയ വീട് അതേപടി നിലനിര്‍ത്തിയിരിക്കുന്നത്. അതും ഇന്ന് കൗതുക കാഴ്ച തന്നെയാണ്. സോഷ്യല്‍മീഡിയയില്‍ പലപ്പോഴും ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ മോഡി മോഡി എന്ന വിളികള്‍ ഏറി വന്നു. ഇതോടെ എന്തുകൊണ്ട് ആ സാമ്യതയില്‍ നടന്നുകൂടാ എന്ന ചിന്തയില്‍ വേഷവിധാനങ്ങളും മോഡിക്ക് സമാനമായി ഉപയോഗിച്ച് അക്ഷരാര്‍ത്ഥത്തില്‍ മോഡി തന്നെയായി മാറുകയായിരുന്നു സന്തോഷ്.

രൂപസാദൃശ്യം മാറ്റിയെടുക്കാന്‍ അഹമ്മദാബാദില്‍ നിന്ന് മോഡിയുടെ മോഡലുള്ള കുര്‍ത്തകളും ജയ്പുരില്‍ നിന്ന് പൈജാമയും വാങ്ങിച്ച് ധരിക്കാന്‍ തുടങ്ങി. കുടുംബക്ഷേത്രത്തിലെ പൗരോഹിത്യത്തിനായി 1997 ല്‍ മന്ത്രദീക്ഷ എടുത്തതോടെയാണ് സന്തോഷ് താടി വളര്‍ത്തി തുടങ്ങിയത്. പ്രായംകൂടി തുടങ്ങിയതോടെ താടിയും നരച്ചുതുടങ്ങി. ഇതോടെ മോഡിയുടെ അപരനായി സന്തോഷ് മാറുകയായിരുന്നു.

മോഡിയുടെ അപരനെ തേടി പ്രവര്‍ത്തകര്‍ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ സന്തോഷ് തയ്യാറല്ല. ഇതുവരെ പോയിട്ടുമില്ല. മോഡി ഡ്യൂപ്പിന് പ്രിയമേറുമെന്ന ചിന്തയാണ് സന്തോഷിനെ തേടി പലരും എത്തുന്നത്. എന്നാല്‍ നോ എന്നാണ് സന്തോഷിന്റെ മറുപടി. കേരള സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണമെഡലോടെ ഒന്നാം റാങ്കില്‍ എംഎ എക്കണോമിക്സ് വിജയിച്ച ആളാണ് സന്തോഷ്. സര്‍വകലാശാലയുടെ കബഡി ടീമിലും അംഗമായിരുന്നു.

Exit mobile version