തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായയെ മുൻകാലുകളും പിൻകാലുകളും പരസ്പരം ബന്ധിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലൈംഗിക വൈകൃതം നടന്നതായി ആരോപണം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന രംഗത്തെത്തി.
തിരുവനന്തപുരത്ത് ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം പൂണ്ടക്കടവിൽ ആണ് നായയെ ക്രൂരമായ പീഡനങ്ങൾക്കിരയായ നിലയിൽ കണ്ടെത്തിയത്. മുൻകാലുകളും, പിൻകാലുകളും കൂട്ടിക്കെട്ടിയ തരത്തിലുള്ള ചിത്രങ്ങളും സന്ദേശവും ഇന്നലെയാണ് പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് സംഭവം അറിഞ്ഞയുടൻ നായയെ രക്ഷപ്പെടുത്താൻ എത്തിയെങ്കിലും റെസ്‌ക്യൂ ടീം എത്തുന്നതുമുമ്പ് തന്നെ നായയ്ക്ക് അന്ത്യം സംഭവിച്ചിരുന്നു. അതി ദാരുണമായി കൊല്ലപ്പെട്ട നിലയിലായിരുന്നു ആ മിണ്ടാപ്രാണിയുടെ മൃതദേഹം.
എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത രീതിയിൽ ബന്ധിക്കപ്പെട്ട കൈകാലുകൾ അഴുകി പഴുത്ത നിലയിലും മാംസം വേറിട്ടനിലയിലുമായിരുന്നു. ഈ ജീവി ദിവസങ്ങളായി ഈ അവസ്ഥയിലായിരുന്നു കഴിഞ്ഞിരുന്നത് എന്നാണ് സൂചന. നായയുടെ കൈകളിലെ വളരെ വിദഗ്ധമായി കെട്ടിയിരിക്കുന്ന കെട്ടുകളും സ്വകാര്യഭാഗത്തെ മുറിവുകളും നായയ്ക്ക് പരിചയവും സൂചിപ്പിക്കുന്നത് നായയെ ഉപദ്രവിച്ചത് പരിചയവും വിശ്വാസവുമുള്ള ആരോ ആയിരിക്കുമെന്നാണ് എന്ന് സംഘടനാ പ്രവർത്തകർ പ്രതികരിച്ചു.
നായയ്‌ക്കെതിരെ ലൈംഗിക പീഡനമാണോ നടന്നത് എന്നു അന്വേഷിച്ചു വരികയാണ്. നഗരൂർ പോലീസ് സ്റ്റേഷനിൽ പിഎഫ്എ പരാതി നൽകിയിട്ടുണ്ട്. പാലോട് സിഡിഐഒ യിൽ നായയെ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി. മൃഗങ്ങളോട് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ കണ്ടെത്തേണ്ടത് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രധാനം ആണെന്നും പിഎഫ്എ സെക്രട്ടറി ലത ഇന്ദിര അഭിപ്രായപ്പെട്ടു.