തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് സൂചന. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക. തീരദേശമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീന്‍ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി അടക്കമുള്ള മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം മഴയും കാറ്റും അതി തീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. അതുകൊണ്ട് ഈ ഭാഗങ്ങളിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭയാശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്താണ് എമര്‍ജന്‍സി കിറ്റ് ?
പല ജില്ലകളിലും വെള്ളപ്പൊക്ക- ഉരുള്‍പൊട്ടല്‍ സാഹചര്യത്തില്‍ വീട് ഒഴിയേണ്ട സാഹചര്യം നിലവില്‍ ഉണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. വീട് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വന്നാല്‍ ഈ കിറ്റുമായി നിങ്ങള്‍ക്ക് ഒട്ടും സമയം കളയാതെ തന്നെ മാറാവുന്നതാണ് താഴെ പറയുന്ന വസ്തുക്കളാണ് കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍
1. ഒരു കുപ്പി കുടിവെള്ളം (ഒരു വ്യക്തിക്ക് ഒരു ദിവസം ചുരുങ്ങിയത് ഒരു ലിറ്റര്‍ വെള്ളം എന്ന കണക്കില്‍)
2. പെട്ടെന്ന് നാശമാകാതെ ഉപയോഗിക്കാന്‍ കഴിയുന്ന ലഘു ഭക്ഷണപദാര്‍ത്ഥങ്ങള്‍ (ഉദാ: കപ്പലണ്ടി, ഉണക്ക മുന്തിരി, നിലക്കടല, ഈന്തപ്പഴം, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവ)
3. ഫസ്റ്റ് എയ്ഡ് കിറ്റ്. മുറിവിന് പുരട്ടാനുള്ള മരുന്ന് പോലെയുള്ള എപ്പോഴും ആവശ്യം വന്നേക്കാവുന്ന മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഇത് കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ മരുന്ന് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ എമര്‍ജന്‍സി കിറ്റിലും സൂക്ഷിക്കണം. ഇവ കൂടാതെ ക്ലോറിന്‍ ഗുളികകളും എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കണം.
4. ആധാരം, ലൈസന്‍സ്, സെര്‍ട്ടിഫിക്കേറ്റുകള്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ ഒരു കവറില്‍ പൊതിഞ്ഞു എമര്‍ജന്‍സി കിറ്റില്‍ ഉള്‍പ്പെടുത്തണം.
5. ദുരന്ത സമയത്ത് നല്‍കപ്പെടുന്ന മുന്നറിയിപ്പുകള്‍ യഥാസമയം കേള്‍ക്കാന്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു റേഡിയോ കരുതണം.
6. വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിറ്ററി പാഡ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രെഷ് തുടങ്ങിയവ.
7. ഒരു ജോഡി വസ്ത്രം.
8. വീട്ടില്‍ ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.
9. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന ഘട്ടത്തില്‍ ഉപയോഗിക്കാന്‍ മെഴുകുതിരിയും തീപ്പെട്ടിയും, അല്ലെങ്കില്‍ പ്രവര്‍ത്തന സജ്ജമായ ടോര്‍ച്ചും ബാറ്ററിയും.
10. രക്ഷാപ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനായി വിസില്‍.
11. ആവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ കത്തിയോ ബ്ലെയ്ഡോ
12. മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, പവര്‍ ബാങ്ക്.
13. കൊവിഡ് 19 പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി സാനിറ്റൈസറും സോപ്പും മാസ്‌കും എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ടതാണ്.
എമര്‍ജന്‍സി കിറ്റ് തയ്യാറാക്കുകയും അത് വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുക. ഒരു അടിയന്തിര സാഹചര്യത്തില്‍ ആരെയും കാത്ത് നില്‍ക്കാതെ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
ഒരു എമര്‍ജന്‍സി കിറ്റ് നിങ്ങളുടെ ജീവന്‍ രക്ഷിച്ചേക്കാം
Discussion about this post