ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്, കൊല്ലത്ത് കടലില്‍ കാണാതായത് 50ല്‍ അധികം ബോട്ടുകള്‍

കൊല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. അതിനിടെ കൊല്ലത്ത് 50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടതായി വിവരം. നീണ്ടകരയിലാണ് സംഭവം.

ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും വിവരം. ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തിരികെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

അതേസമയം ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.. അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ നീണ്ടകര തീരത്ത് അടുപ്പിച്ചു. ബംഗാള്‍ ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പുതുക്കിയ സഞ്ചാര പാതയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

Exit mobile version