തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റ്. ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറാണ് രമേശ് ചെന്നിത്തലയാകും അടുത്ത മുഖ്യമന്ത്രിയെന്ന് അവകാശപ്പെട്ടത്.
നെടുങ്കണ്ടത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ഡിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം. ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതോടെ ജില്ലയിലെ കാര്‍ഷിക ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
ചെന്നിത്തല ഉദ്ഘാടന പ്രസംഗം നടത്തുന്നതിന് മുമ്പായി നടത്തിയ ആമുഖ പ്രസംഗത്തിലായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം. കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും.
അതിനിടെ കഴിഞ്ഞദിവസം ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബിജു രമേശിന്റെ കോഴ വെളിപ്പെടുത്തലിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ ബാറുടമകള്‍ കോഴയായി നല്‍കിയെന്ന ആരോപണമാണ് വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. രമേശ് ചെന്നിത്തല ബിജു രമേശിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തനിക്ക് മാനനഷ്ടം ഉണ്ടായെന്ന കേസിലാണ് രമേശ് ചെന്നിത്തല നോട്ടീസ് അയച്ചിരിക്കുന്നത്.
Discussion about this post