തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ കാറ്റ് കടന്നുപോകാനാണ് സാധ്യത എന്നാണ് മുന്നറിയിപ്പില്‍ ഉള്ളത്.
നിലവില്‍ ബുറെവി ചുഴലിക്കാറ്റ് നിലവില്‍ ശ്രീലങ്കന്‍ തീരത്തുനിന്ന് 470 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്ററും അകലെയാണ്. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.