ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും. ഇന്ന് പന്ത്രണ്ട് മണിക്കാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കുക. www.sabarimalaonline.org എന്ന വെബ്സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ചെയ്യാം.
ശബരിമലയില്‍ സാധാരണ ദിവസങ്ങളില്‍ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കുമാണ് ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്.
അതേസമയം ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താനും വനം വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി. മലയരയ സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്താണ് അനുമതി നല്‍കിയിരിക്കുന്നത്.
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നത് അനുസരിച്ച് അപ്പം അരവണ എന്നിവയുടെ കരുതല്‍ശേഖരം കൂട്ടാനും ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം ശ്രികോവിലിന് ഉള്ളില്‍ നിന്നും പ്രസാദം നല്‍കുന്നതിനുള്ള നിയന്ത്രണം തുടരും. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതിനുള്ള വിലക്കും തുടരും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായും ഇപ്പോള്‍ ശബരിമലയില്‍ എത്തുന്നത്.
Discussion about this post