ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം ‘മകരനക്ഷത്രം’ തൂക്കണമെന്ന് ഹിന്ദുത്വവാദികള്‍, ‘ഇവിടെ ചിലവാകുമെന്ന് തോന്നുന്നില്ല ജീ… ഇത് കേരളമാണെ’ന്ന് പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍

തിരുവനന്തപുരം: ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം മകരനക്ഷത്രം തൂക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വവാദികള്‍ രംഗത്ത്. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ക്രിസ്തുമസ് നക്ഷത്രത്തിന് പകരം തൂക്കേണ്ട ‘മകരനക്ഷത്ര’ത്തിന്റെ ചിത്രവും ഇത് വാങ്ങുന്നതിനായി ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. കാവിഭാരതം, അഘോരി തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ മകരനക്ഷത്രം ഉപയോഗിക്കാന്‍ ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

‘ഇത് എന്റെ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം, ഉയരട്ടെ മകരനക്ഷത്രങ്ങള്‍…’ എന്നാണ് ഈ ഗ്രൂപ്പുകളിലെ പോസ്റ്റുകള്‍.

അതേസമയം, സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരിച്ചത്. വളരെ നല്ല ആശയമാണെന്നും വില എത്രയാകുമെന്നും അന്വേഷിച്ച് പലരും കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്. ഹിന്ദു വേദന അനുഭവിക്കുകയാണെന്നും മകരനക്ഷത്രം പോലെയുള്ള ആചാരങ്ങള്‍ രാമരാജ്യത്തിലേക്കുള്ള പടികളാണെന്നും ചിലര്‍ പറയുന്നു.

എന്നാല്‍ ഇത്തരം സംഘി-ഹിന്ദുത്വ ആഹ്വാനങ്ങള്‍ കേരളത്തില്‍ നടപ്പാവില്ലെന്നായിരുന്നു കൂടുതല്‍ പേരുടെയും പ്രതികരണം. ഇങ്ങനെയുള്ള വര്‍ഗീയ പരാമര്‍ശങ്ങളെ വളരാന്‍ അനുവദിക്കരുതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
‘ഇവിടെ ചിലവാകുമെന്ന് തോന്നുന്നില്ല ജീ… ഇത് കേരളമാണ്. ഞങ്ങള്‍ക്ക് റംസാനും വിഷുവും ക്രിസ്മസും ഓണവും എല്ലാം വേണം.,’ എന്നായിരുന്നു മറ്റൊരാളുടെപ്രതികരണം.

Exit mobile version