തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി. നാളെ വൈകിട്ട് ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 75 കി.മീ വരെ വേഗത്തിലായിരിക്കും ചുഴലിക്കാറ്റ് സഞ്ചരിക്കുക.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കന്യാകുമാരി തീരത്തെത്തും. ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തെയും ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തീരമേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.
നാളെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാവികസേനയുടേയും വ്യോമസേനയുടേയും സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്‌നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനത്തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാല് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
Discussion about this post