പ്രതിപക്ഷനേതാവ് കുരുക്കിലേക്ക്; രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം, സ്പീക്കറുടെ അനുമതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മന്ത്രിയുമായ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ബിജു രമേശിന്റെ കോഴ വെളിപ്പെടുത്തലിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ ബാറുടമകള്‍ കോഴയായി നല്‍കിയെന്ന ആരോപണമാണ് വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. രമേശ് ചെന്നിത്തല ബിജു രമേശിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തനിക്ക് മാനനഷ്ടം ഉണ്ടായെന്ന കേസിലാണ് രമേശ് ചെന്നിത്തല നോട്ടീസ് അയച്ചിരിക്കുന്നത്.

മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫ് അലി മുഖാന്തരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ ആരോപണം ഉയര്‍ത്തിയ ബിജു രമേശിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.

ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് മൊഴി നല്‍കാതിരിക്കാന്‍ രമേശ് ചെന്നിത്തലയും കുടുംബവും ഫോണില്‍ വിളിച്ച് അപേക്ഷിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളായിരുന്നു ബിജു രമേശ് ആരോപിച്ചിരുന്നത്. എന്നാല്‍ തന്റെ ഭാര്യ രാഷ്ട്രീയത്തില്‍ ഇടപെടുന്നയാളല്ലെന്നായിരുന്നു രമേശ് ചെന്നിത്തല മറുപടി നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജി എം.എല്‍.എയ്ക്കെതിരായ അന്വേഷണത്തിനും സ്പീക്കര്‍ അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം സ്‌പെഷല്‍ സെല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഷാജിയുടെയും ബന്ധുക്കളുടെയും ഭൂമിയിടപാട് രേഖകള്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.

Exit mobile version