മലപ്പുറം: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്. വിവിധ പാര്‍ട്ടികളുടെ പ്രചാരണവും ശക്തമായികൊണ്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് മലബാറില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം.
മുമ്പൊക്കെ വനിതാ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പോസ്റ്ററുകളില്‍ വനിത സ്ഥാനാര്‍ത്ഥിക്ക് പകരം വെളുക്കെ ചിരിച്ച് അഭിവാദ്യം ചെയ്ത് നില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രങ്ങളായിരുന്നു കൂടുതലും കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെ ഉണ്ടായില്ല.
സ്ഥാനാര്‍ത്ഥികളായ വനിതകളുടെ ചിത്രങ്ങള്‍ തന്നെ പോസ്റ്ററുകളിലെല്ലാം നിറയുന്നു. വനിതാ സംവരണം കാരണം ഭാര്യമാര്‍ക്ക് ബാറ്റണ്‍ കൈമാറിയ ഭര്‍ത്താക്കന്മാര്‍ ചിലയിടങ്ങളിലെങ്കിലും ഭാര്യമാര്‍ക്കൊപ്പമെങ്കിലും പ്രചാരണ പോസ്റ്ററുകളില്‍ കയറിപ്പറ്റിയിട്ടുണ്ട്.
എങ്കിലും സാമൂഹിക നവീകരണത്തിന്റെ സൂചനയായി തന്നെയാണ് ഈ മാറ്റത്തെ കാണാനാകുക. പോസ്റ്ററുകളില്‍ നിറഞ്ഞ സ്ത്രീകള്‍ ഇപ്പോള്‍ പ്രചാരണ രംഗത്തും സജീവമാണ്. മനോഭാവങ്ങളിലും പ്രകടമായ മാറ്റമാണ് ദൃശ്യമാകുന്നത്. ഏതായാലും സംവരണം ഒഴിച്ചിടുന്ന അധികാരക്കസേരകളില്‍ റബ്ബര്‍ സ്റ്റാമ്പായി മാത്രം ഇരിക്കേണ്ടി വരുന്ന ദുര്‍ഗതി കൂടി മഹിളാ രത്നങ്ങള്‍ക്ക് മാറിക്കിട്ടുമായിരിക്കും.
എല്ലായിടത്തും സംഭവിച്ച സാമൂഹികമായ ഒരു പരിഷ്‌കരണം ഈ മേഖലയിലും സംഭവിച്ചു എന്നാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി തങ്ങളുടെ അഭിപ്രായം. കഴിവുറ്റ വനിതകള്‍ ഭരണ രംഗത്ത് മുന്നോട്ട് വരുന്നുവെന്നും അദ്ദേഹം ക്കൂട്ടിച്ചേര്‍ത്തു.