തൊടല്ലേയെന്ന് അഭ്യർത്ഥിച്ച് വോട്ടുതേടി സുരേഷ് ഗോപി മുന്നിൽ; ഞെട്ടലിന് പിന്നാലെ തൊട്ടുനോക്കി തൊഴിലുറപ്പു തൊഴിലാളികൾ; ഒടുവിൽ ഈ ചീര എനിക്ക് തരണമെന്ന് പറഞ്ഞ് മടക്കം

suresh gopi | local news

ആലപ്പുഴ: രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചെങ്കിലും മലയാളികൾക്ക് സുരേഷ് ഗോപി ഇന്നും സിനിമാതാരം തന്നെയാണ്. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറമായ സ്‌നേഹമാണ് താരത്തോട് എന്നും മലയാളി കാണിക്കാറുള്ളത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് തേടി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

വെയിലിൽ നിന്ന് പണിയെടുക്കുന്നതിനിടെയാണ് സൂപ്പർതാരം എത്തിയത്. എങ്കിലും അദ്ദേഹം വെയിൽ കൊള്ളുന്നതിലായി എല്ലാവർക്കും സങ്കടം. ‘വെയിലിൽ നിന്നു മാറി നിൽക്കു സാറെ’ എന്നഭ്യർത്ഥനയോടെ തൊഴിലാളികൾ സമീപിച്ചപ്പോൾ, ‘ഈ വെയിൽ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലിൽ വൈറ്റമിൻ ഡി ഉണ്ട്. നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്’- എന്നായിരുന്നു താരത്തിന്റെ ഉപദേശം.

താരത്തെ കണ്ടതോടെ സകലതും മറന്ന ആരാധകരായ തൊഴിലാളികൾ കണ്ണടയെടുക്കാനും അഭ്യർത്ഥിച്ചു. ‘കണ്ണടയെടുക്ക് സാറെ, നന്നായൊന്നു കാണട്ടെ’ എന്ന ആവശ്യം പരിഗണിച്ച് കണ്ണട ഊരി മാറ്റിയെങ്കിലും കോവിഡ് കാലമല്ലേ മാസ്‌ക് മാറ്റാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്തു വന്നു കാണാനാനുള്ള അവരുടെ ആവശ്യം അംഗീകരിച്ച് കൂടെ വന്ന ഗോപൻ ചെന്നിത്തലയ്ക്കായി താരം വോട്ടും അഭ്യർത്ഥിച്ചു. അതിനിടയിൽ തൊടാൻ ശ്രമിച്ചവരെ അദ്ദേഹം സ്‌നേഹത്തോടെ തന്നെ വിലക്കിയെങ്കിലും ഒരാൾ എത്തി വലിഞ്ഞ് അദ്ദേഹത്തെ ഒന്നു തൊട്ടു. ഇതോടെ, ‘ഈ തൊട്ടത് എല്ലാവർക്കുമായി വീതിച്ചു കൊടുത്തേക്കണം’- എന്ന് രസകരമായി തന്നെ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി.

അടുത്ത തൊഴിലുറപ്പു ജോലി നടന്ന കേന്ദ്രത്തിൽ നന്നായി വളർന്നു നിൽക്കുന്ന നാടൻ ചീര കണ്ടതോടെ തനിക്ക് ഇത് വേണമെന്നും താരം അറിയിച്ചു. തനിക്ക് ഇത് എത്തിച്ചു നൽകണമെന്നും വില കണക്കു പറഞ്ഞു വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി സന്തോഷത്തോടെ മടങ്ങിയത്.

ചിത്രം കടപ്പാട്: മനോരമ

Exit mobile version