തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ശക്തമാകുകയാണ്. എന്നാല്‍ പ്രചാരണ സമയത്ത് കോവിഡ് വ്യാപനം കൂടിയേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.
വോട്ട് ചോദിച്ച് വീടുകളിലെത്തുന്നവര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. കോവിഡ് ഭീതി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വന്‍തോതില്‍ കോവിഡ് വ്യാപനം ഉണ്ടാകാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരും നേരത്തെ ആശങ്കപ്പെട്ടിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് വോട്ടെടുപ്പിനും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞദിവസം 3382 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.
മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.