അടുത്തവര്‍ഷം നടക്കാനിരിക്കുന്ന മാതൃഭൂമി സാഹിത്യോത്സവത്തില്‍ നിന്നും വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ ഒഴിവാക്കിയെന്ന് ആരോപണം. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില ഹെന്റി ആണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉന്നയിക്കുന്നത്. ഉമര്‍ ഖാലിദ്, നിഖില, സംഗീതജ്ഞന് സുമീത് സാമോസ് എന്നിവര്‍ പങ്കെടുക്കാനിരുന്ന ‘യൂത്ത് അണ്‍റെസ്റ്റ് ഇന്‍ ഇന്ത്യ’ എന്ന ചര്‍ച്ചയില്‍ നിന്നാണ് ഉമര്‍ ഖാലിദിനെ ഒഴിവാക്കിയത്.
രോഹിത് വെമുലയെ അടിസ്ഥാനമാക്കി നിഖില എഴുതിയ ‘ദ ഫെര്‍മെന്റ്: യൂത്ത് അണ്‍റെസ്റ്റ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകം അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ മൂന്ന് പേരെയും ഉള്‍പ്പെടുത്തി മാതൃഭൂമി പാനല്‍ തയ്യാറാക്കിയതെന്ന് നിഖിലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത് സംബന്ധിച്ച് മൂന്ന് പേര്‍ക്കും ഔദ്യോഗിക അറിയിപ്പും ലഭിച്ചിരുന്നു.
എഴുത്തുകാരനും സാഹിത്യോത്സവത്തിന്റെ ചുമതലക്കാരനുമായ സി പി സുരേന്ദ്രനാണ് ഇവര്‍ക്ക് അറിയിപ്പ് നല്‍കിയത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിനെതിരെ ഏതാനും സ്ത്രീകള്‍ മീ ടൂ കാമ്പെയ്നിംഗിന്റെ ഭാഗമായി ലൈംഗിക ആരോപണം ഉന്നയിച്ചതോടെ സ്ഥാനമൊഴിഞ്ഞിരുന്നു. സാഹിത്യോത്സവം അടുത്തെത്തിയ സാഹചര്യത്തില്‍ സംഘാടകരില്‍ നിന്നും തനിക്ക് ലഭിച്ച നോട്ടീസില്‍ നിന്നും ഉമര്‍ ഖാലിദിനെ ഒഴിവാക്കിയതായി കണ്ടെന്ന് നിഖില പറയുന്നു. ‘ഈ തീരുമാനത്തില്‍ ഞാന്‍ അസ്വസ്ഥയാണ്. പാനലില്‍ നിന്നും ഉമര്‍ ഖാലിദിനെ ഒഴിവാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല’ നിഖിലയുടെ കുറിപ്പില്‍ പറയുന്നു.
ഉമര്‍ ഖാലിദിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. നിഖില പറയുന്നത് വരെയും ഉമര്‍ ഈ വിവരം അറിഞ്ഞില്ലെന്നും അവരെ അറിയിച്ചിട്ടുണ്ട്. ആദ്യ ക്ഷണം ലഭിച്ചതിന് ശേഷം മറ്റൊരു വിവരവും മാതൃഭൂമിയില്‍ നിന്നും ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല.
മാധ്യമപ്രവര്‍ത്തകനായ സബിന്‍ ഇഖ്ബാല്‍ ആണ് വര്‍ഷങ്ങളായി മാതൃഭൂമി സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഈ വിഷയത്തില്‍ തങ്ങള്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും അടുത്ത ദിവസം ഇതിന്റെ മീറ്റിംഗ് നടക്കുന്നുണ്ടെന്നും അതിന് ശേഷമേ തനിക്ക് എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും സബിന്‍ അഴിമുഖത്തോട് പ്രതികരിച്ചു.
നവംബറിലും നിഖിലയ്ക്കും സുമീതിനും സംഘാടകരില്‍ നിന്നും ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു. എന്നാല്‍ ഉമറിന് ലഭിച്ചിട്ടില്ല. ഉമറിനെ ഒഴിവാക്കിയതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് നിഖില സംഘാടകര്‍ക്ക് തുടര്‍ച്ചയായി മെയില്‍ അയക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദീര്‍ഘകാലം അതിനൊന്നും മറുപടി ലഭിച്ചില്ലെന്നും ഒടുവില്‍ ‘നിങ്ങളുടെ പുസ്തകത്തിലാണ് നമ്മളുടെ ശ്രദ്ധ. അത് ഉമര്‍ ഖാലിദിലേക്ക് പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നു’ എന്നുള്ള മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഈ മറുപടി കൊണ്ട് സബിന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായില്ലെന്ന് നിഖില പറയുന്നു. എന്തുകൊണ്ട് ഉമറനെ ഒഴിവാക്കിയെന്ന് ചോദിച്ച് താന്‍ വീണ്ടും മെയില്‍ അയച്ചു. എന്നാല്‍ അതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.
‘ഈ സാഹചര്യത്തില്‍ സംഘാടകര്‍ ഒരു പുനഃപരിശോധനയ്ക്ക് തയ്യാറാകുമെന്നാണ് എന്റെ പ്രതീക്ഷ. തന്നെയും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുമെന്നും’ നിഖില കൂട്ടിച്ചേര്‍ത്തു. സംഘപരിവാറുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയ എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പിന്‍വലിച്ചത് മാതൃഭൂമിക്ക് തിരിച്ചടിയായിരുന്നു. മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച് വന്ന നോവല്‍ പെട്ടന്ന തന്നെ പിന്‍വലിക്കുകയായിരുന്നു.
നോവലില്‍ രണ്ട് കഥാപാത്രങ്ങള്‍ സ്ത്രീകള്‍ നല്ല വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തില്‍ പോകുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് സജ്ജരാണെന്ന് തെളിയിക്കാനാണെന്ന് പറഞ്ഞതാണ് സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചത്. നോവല്‍ പിന്‍വലിച്ചതോടെ മാഗസിന് എഡിറ്റര്‍ കമല്‍റാം സജീവ് രാജിവയ്ക്കുകയും ചെയ്തു. മതേതര ഇന്ത്യ നീണാള്‍ വാഴട്ടെ എന്നാണ് കമല്‍ തന്റെ രാജിക്കത്തില്‍ പറഞ്ഞത്.
Discussion about this post