തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച മലബാര്‍, മാവേലി എക്സ്പ്രസുകളുള്‍പ്പെടെ 13 ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്കി. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഈ വെള്ളിയാഴ്ച മുതല്‍ ഓടി തുടങ്ങും.
മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിന് സര്‍വീസ് പുനഃരാരംഭിക്കും. ഇതിനു പുറമെ ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂര്‍ (തിരുവനന്തപുരം വഴി) എന്നീ ട്രെയിനുകള്‍ ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസ് പുനഃരാരംഭിക്കും.
വെള്ളിയാഴ്ച മുതല്‍ മധുര-പുനലൂര്‍ എക്സ്പ്രസ് ട്രെയിനും ഓടി തുടങ്ങും. ദിവസേനയുള്ള വണ്ടികളാണ് എല്ലാം. എന്നാല്‍ കൊവിഡ്കാല സ്പെഷ്യല്‍ ആയതിനാല്‍ ഇവയില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളുണ്ടാവില്ല. എല്ലാം റിസര്‍വേഷന്‍ കോച്ചുകളായിരിക്കും.
ചെന്നൈ-തിരുച്ചെന്തൂര്‍, ചെന്നൈ-കാരയ്ക്കല്‍, മധുര വഴിയുള്ള കോയമ്പത്തൂര്‍-നാഗര്‍കോവില്‍, ചെന്നൈ എഗ്മോര്‍-രാമേശ്വരം, ചെന്നൈ-നാഗര്‍കോവില്‍, ചെന്നൈ-മന്നാര്‍ഗുഡി എന്നിവയാണ് സര്‍വീസ് പുനഃരാരംഭിക്കുന്ന മറ്റ് ട്രെയിനുകള്‍. അതേസമയം പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്സ്പ്രസുകള്‍ എന്ന് സര്‍വീസ് പുനഃരാരംഭിക്കും എന്ന് വ്യക്തമല്ല.
Discussion about this post