കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ച് രംഗത്തെത്തി. സ്വപ്ന സുരേഷും സരിത്തും വീഡിയോ കോൺഫറൻസിങ് വഴി കോടതിക്ക് മുന്നിൽ ഹാജരായാണ് തങ്ങളുടെ ആവശ്യം അറിയിച്ചത്.
പോലീസുകാരുടെ മധ്യത്തിലിരുന്ന് വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാകുമ്പോൾ തങ്ങൾക്ക് ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്‌നയുടെ പരാതി. ചുറ്റും പോലീസുകാരായതിനാൽ ഒന്നും സംസാരിക്കാനാകുന്നില്ലെന്ന് സരിത്തും കോടതിയോട് പരാതിപ്പെട്ടു.
കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ അവസരം ഉണ്ടാക്കണമെന്നും പോലീസ് ചുറ്റുമില്ലാതെ സ്വതന്ത്രരായി സംസാരിക്കാനുണ്ടെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, അഭിഭാഷകൻ വഴി വിവരം കൈമാറൂ എന്നായിരുന്നു കോടതി ഇരുവരേയും അറിയിച്ചത്. ഇരുവർക്കും അഭിഭാഷകർ വഴി കാര്യങ്ങൾ എഴുതി നൽകാനുള്ള അവസരവും കോടതി ഒരുക്കി നൽകിയിട്ടുണ്ട്. അഭിഭാഷകരെ കാണാൻ പ്രതികൾക്ക് കോടതി പ്രത്യേക സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.