തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം അതിരൂക്ഷമായിരിക്കെ നാളെ ചേരാനിരുന്ന ബിജെപി കോര്‍ കമ്മറ്റിയോഗം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കള്‍ പ്രചാരണ തിരക്കില്‍ ആയതിനാലാണ് യോഗം ഉപേക്ഷിച്ചതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
എന്നാല്‍ കോര്‍കമ്മറ്റിയില്‍ തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതിന് വേണ്ടിയാണ് യോഗം ഉപേക്ഷിച്ചതെന്നാണ് സുരേന്ദ്ര വിരുദ്ധവിഭാഗത്തിന്റെ നിലപാട്. നാളെ തൃശൂരില്‍ ചേരാനിരുന്ന കോര്‍കമ്മറ്റി യോഗമാണ് മാറ്റിവയ്ക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന്റെ സൂചനയാണിത്. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോര്‍കമ്മറ്റി ചേരുന്ന രീതി പാര്‍ട്ടിക്കില്ലെന്നതിനാല്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രശ്നപരിഹാരത്തിനാണ് കോര്‍ കമ്മറ്റി വിളിച്ചതെന്ന് എതിര്‍വിഭാഗം ചൂണ്ടിക്കാട്ടുന്നു.
13 പേരുള്ള കോര്‍കമ്മറ്റിയില്‍ ഏഴ് പേരും ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ നിലപാടുകള്‍ അംഗീകരിക്കുന്നവരാണ്. കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ എതിര്‍വിഭാഗം ഉയര്‍ത്താവുന്ന ചോദ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് യോഗം ഉപേക്ഷിച്ചതെന്നാണ് വിവരം.
കോര്‍കമ്മറ്റിയിലെ ഏക വനിതാ അംഗമായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതിന്റെ കാരണം സിപി രാധാകൃഷ്ണന് മുന്നില്‍ ഉന്നയിക്കും. ഇതിന് മറുപടി നല്‍കാന്‍ അദ്ധ്യക്ഷന്‍ സുരേന്ദ്രനോ വി മുരളീധരനോ സാധിക്കില്ലെന്നും ഇതിന്റെ ജാള്യതമറയ്ക്കാനാണ് യോഗം മാറ്റിവച്ചതെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.