ആലപ്പുഴ: വിജിലൻസ് ബിജെപിക്കാരെ സഹായിക്കാനാണ് കെഎസ്എഫ്ഇ റെയ്ഡ് നടത്തിയതെന്ന ആരോപണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. വിജിലൻസിലും ഞങ്ങളുടെ ആളുകളാണെന്നാണ് പറയുന്നതെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചിട്ട് മൂന്നു മാസത്തേക്ക് ആ കസേര തന്നെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ദേശീയ ഏജൻസികളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് ധനമന്ത്രി തോമസ് ഐസക് നടത്തുന്നത്. തന്റെ വകുപ്പിൽ നടക്കുന്ന എല്ലാ അഴിമതി കേസുകളും തോമസ് ഐസക് അട്ടിമറിക്കുകയാണ്. ട്രഷറിയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് തോമസ് ഐസക് ചെയ്തതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ക്രൈംബ്രാഞ്ച് കേസിൽ നടത്തിയ അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച സുരേന്ദ്രൻ ചിട്ടി തട്ടിപ്പിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് തോമസ് ഐസക് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. കിഫ്ബിയുമായി ബന്ധപ്പെട്ട് എല്ലാറ്റിലും അഴിമതിയാണെന്നായിരുന്നു സുരേന്ദ്രന്റെ മറ്റൊരു പരാമർശം.
കേന്ദ്ര ഏജൻസികൾക്ക് വിവരം ചോർത്തിക്കൊടുക്കുന്നത് തോമസ് ഐസക് ആണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. വിജിലൻസിനെ ഉപയോഗിച്ച് തന്നെ കുടുക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതായി തോമസ് ഐസക്കും കരുതുന്നു. കള്ളി വെളിച്ചത്തായപ്പോൾ പരസ്പരം പാരവെക്കുകയാണ് രണ്ടുപേരും. അഴിമതികളെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസകിനെ വേട്ടയാടുന്നതെന്നും അഴിമതിയുടെ കാര്യത്തിൽ തോമസ് ഐസകും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലെ ജനങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന കൈക്കോടാലിയാണ് തോമസ് ഐസക്കെന്ന് സുരേന്ദ്രൻ വിമർശിച്ചു.
Discussion about this post