ശബരിമലയില്‍ പോയാല്‍ പുണ്യം കിട്ടില്ല! മലകയറുന്നതിനെക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നതാണ്; കുരീപ്പുഴ ശ്രീകുമാര്‍

കൊച്ചി: ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നതാണ്, എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ശബരിമലയില്‍ പോയതുകൊണ്ട് സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്നു ചോദിച്ചാല്‍ എനിക്കങ്ങനെ അഭിപ്രായമില്ലെന്നും കുരീപ്പുഴ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നതാണ്. എന്നാല്‍ പ്രശ്‌നം അതല്ല, സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് എന്ന് കുരീപ്പുഴ പറഞ്ഞു. അവരെ നമുക്ക് എവിടെയും പ്രവേശിപ്പിക്കാന്‍ സാധിക്കണം. അവരുടെ അന്തസിനെ ബഹുമാനിക്കണം. അവരുടെ ശരീരത്തെ മാനിക്കണം. ശരീരത്തെ ഭോഗവസ്തുയായി കാണുകയല്ല, ബഹുമാനിക്കുകയാണ് വേണ്ടതെന്ന് കുരീപ്പുഴ പറഞ്ഞു.

പുരോഗമനത്തിനു വേണ്ടിയുള്ള എല്ലാ സമരങ്ങളും ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. അതെല്ലാം താല്‍ക്കാലിക പിന്‍നടത്തങ്ങളാണ്. കാലക്രമേണ പുരോഗമന ആശയങ്ങള്‍ മേല്‍ക്കൈ നേടുമെന്നും അതുകൊണ്ട് ശബരിമലയില്‍ നാളെ സ്ത്രീകള്‍ കയറും എന്നതില്‍ തനിക്കു സംശയമില്ലെന്നും കുരീപ്പുഴ പറഞ്ഞു.

എപ്പോഴും പിന്നോട്ടു നടക്കാവുന്ന മാനസികാവസ്ഥ കേരളത്തിനുണ്ട്. പുറമേ അയിത്തവും ജാതിവ്യവസ്ഥയും ഇല്ലെന്നു പറയുമ്പോഴും ഉള്ളില്‍ അതുണ്ട്. പുറത്തിടത്താന്‍ മതേതര ചെരിപ്പും അകത്തിടാന്‍ മത ചെരുപ്പും ഉപയോഗിക്കുന്നവരാണ് നമ്മള്‍. കുടുംബങ്ങളില്‍ നിന്നും ജാതിയെയും മതത്തെയും അന്ധവിശ്വാസങ്ങളെയും മാറ്റി നിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞില്ലെന്ന് കുരീപ്പുഴ പറഞ്ഞു.

Exit mobile version