ന്യൂഡല്‍ഹി: പതിവുതെറ്റിക്കാതെ ഇന്നും പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. 11 ദിവസത്തിനിടയില്‍ ഇത് 9-ാം വട്ടമാണ് വില വര്‍ധിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയത് ആകെ ഒരു രൂപയോളമാണ്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 82.33 രൂപയും ഡീസലിന് 76.13 രൂപയും ആയി. 11 ദിവസത്തിനിടയില്‍ പെട്രോളിന് 1.01 രൂപയും ഡീസലിന് 1.77 രൂപയും വിലയില്‍ വര്‍ധനവുണ്ടായത്.കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു. കൊവിഡ് മൂലമാണെന്നായിരുന്നു ഇതിന് പറഞ്ഞ വിശദീകരണം. നവംബര്‍ 20ന് പ്രതിദിന വില നിയന്ത്രണം പുനരാരംഭിക്കുകയായിരുന്നു.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കൂടിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വില 48 ഡോളറാണ്. അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു ഇന്ധന വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വര്‍ധിപ്പിക്കുകയാണെന്നും ആരോപണമുയര്‍ന്നു.
Discussion about this post