തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് രോഗം ബാധിച്ചു. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് ആകെ ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 5,93,827 ആയി. നിലവില്‍ 64,834 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 5,26,797 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 2196 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12,251 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Discussion about this post