ഫോര്‍ട്ട്‌കൊച്ചി: ‘ഫോര്‍ട്ട്‌കൊച്ചിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ റോബര്‍ട്ടിനു വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റര്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. സ്റ്റീഫന്‍ തോറ്റാല്‍ തോല്‍ക്കുന്നത് നമ്മളാണ് എന്ന പോസ്റ്റര്‍ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെപ്പേര്‍ സ്റ്റീഫനു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. മനുഷ്യമൂല്യങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിത്വമാണു സ്റ്റീഫന്‍ റോബര്‍ട്ട് എന്നു സംവിധായകന്‍ രാജീവ് രവി പറയുന്നു.
ഞാന്‍ ഫോര്‍ട്ട്‌കൊച്ചി കണ്ടത് സ്റ്റീഫന്‍ റോബര്‍ട്ടിലൂടെ. എന്തു പ്രശ്‌നം വന്നാലും സ്റ്റീഫനെ കണ്ടു പരിഹാരം കണ്ടെത്തും- പറയുന്നതു തിരക്കഥാകൃത്ത് ഡോ.ഗോപന്‍ ചിദംബരം. സംവിധായകന്‍ ഉണ്ണി വിജയന്‍, തിരക്കഥാകൃത്ത് ജോഷ്വാ ന്യൂട്ടന്‍ തുടങ്ങിയ ഒട്ടേറെ പേര്‍ സമൂഹമാധ്യമങ്ങളിലൂടെ സ്റ്റീഫന്റെ പ്രചാരണത്തിനു കരുത്തു പകരുന്നു.
3000 രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്തെന്നു സ്റ്റീഫന്‍ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സഹോദരന്റെ വീട്ടിലാണു താമസം. അമ്മയുടെ പെന്‍ഷനാണു പ്രധാന വരുമാനം. സ്വന്തമായി സൈക്കിള്‍ പോലുമില്ല സ്ഥാനാര്‍ഥിക്ക്. മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന സ്റ്റീഫന്റെ പ്രചാരണത്തിനു വിവിധ കോളജുകളില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും എത്തുന്നുണ്ട്.
Discussion about this post