കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് 360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. ഗ്രാമിന് 4,500 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനു പിന്നാലെയാണ് ഇന്ന് വീണ്ടും സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാലു മാസത്തിനുള്ളില്‍ പവന് 6,000 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില. ജൂലായ് ആറിനാണ് പവന്‍ വില 35,800ലെത്തിയത്.
അതേസമയം ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണ്ണത്തിന് 1,789.03 ഡോളര്‍ നിലവാരത്തിലെത്തി. എക്കാലത്തെ ഉയര്‍ന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടം തുടരുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചിരിക്കുന്നത്.