ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്ന് തീപടര്‍ന്നു; യുവാവ് വെന്തുമരിച്ചു, ദുരന്തം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്ന ദിവസത്തില്‍

Gas Cylinder Blast | Bignewslive

രാമപുരം: ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് യുവാവ് വെന്തുമരിച്ചു. ഗാന്ധിപുരം വെട്ടുവയലില്‍ സെബിന്‍ എബ്രാഹം (29) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പാചകവാതക ചോര്‍ച്ചയുണ്ടായതാണ് തീപടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയത്.

കഴിഞ്ഞ 18-നായിരുന്നു അപകടം. വിവാഹം നടന്നിട്ട് ഒരു മാസം പൂര്‍ത്തിയാകുന്ന ദിവസത്തിലായിരുന്നു സെബിന്റെ വിയോഗം. അപകടത്തില്‍ സെബിനും അമ്മ ആനിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുതിയ പാചക വാതക സിലിന്‍ഡറിലേക്ക് സ്റ്റൗ ബന്ധിപ്പിച്ചപ്പോഴായിരുന്നു അപകടം. ചോര്‍ച്ച പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തൊട്ടടുത്ത വിറകടുപ്പില്‍നിന്ന് തീപടരുകയായിരുന്നു.

ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു. സെബിന് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അമ്മ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സെബിന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. ഭാര്യ: ദിയ

Exit mobile version