ശബരിമല: ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ശ്രീകോവിലില്‍ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അയ്യപ്പ ഭക്തരുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വകുപ്പിലെ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
സന്നിധാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമെ നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഭക്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദേവസ്വം മരാമത്ത് വിഭാഗത്തിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
അതേസമയം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നതില്‍ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്. ഭണ്ഡാരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും പോലീസ് മെസ്സിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭണ്ഡാരം താല്‍ക്കാലികമായി അടച്ചു. പോലീസ് മെസ്സിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Discussion about this post