നിയന്ത്രണം വിട്ട ബൈക്ക് കുളത്തിലേക്ക് മറിഞ്ഞു, വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് മരണം മുന്നില്‍ക്കണ്ട ബൈക്ക് യാത്രക്കാരന് രക്ഷകനായി തെരുവുനായ

മുഹമ്മ: അപകടത്തില്‍പ്പെട്ട ബൈക്കുയാത്രക്കാരനെ ജീവിതത്തിലേക്കു തിരിച്ചുകയറ്റി ഒരു തെരുവുനായ. അപകടത്തില്‍പ്പെട്ട് കുളത്തില്‍വീണു മുങ്ങിത്താഴ്ന്ന ജോണ്‍ എന്നയാളുടെ ജീവനാണ് കുട്ടപ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന തെരുവുനായ രക്ഷിച്ചത്.

കുട്ടപ്പന്‍ തെരുവിലാണ് ജീവിതമെങ്കിലും നാട്ടുകാര്‍ക്ക് പ്രിയങ്കരനാണ്. കുട്ടപ്പന്റെ കരുതലിലാണ് ഭൂജല അതോറിറ്റി ജീവനക്കാരന്‍ വൈക്കം വെച്ചൂര്‍ പരുത്തിപ്പറമ്പില്‍ ജോണിന് ജീവന്‍ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച പുലര്‍ച്ചേ നാലോടെ കാവുങ്കല്‍ തെക്കേ കവലയ്ക്കുതെക്കുവശം നാഥന്‍സ് ആര്‍.ഒ. വാട്ടര്‍ പ്ലാന്റിനു സമീപത്തെ കുളത്തിലേക്കു ജോണിന്റെ ബൈക്ക് മറിഞ്ഞു.

രാത്രി ഡ്യൂട്ടികഴിഞ്ഞ് തൃക്കുന്നപ്പുഴയില്‍നിന്ന് വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. എതിരേവന്ന വാഹനം വെളിച്ചം മങ്ങിപ്പിക്കാത്തതിനാല്‍ കണ്ണുമഞ്ഞളിച്ചു. ബൈക്ക് നിയന്ത്രണംവിട്ട് കെട്ടിടത്തില്‍ തട്ടിയശേഷം സമീപത്തെ കുളത്തിലേക്കു മറിയുകയായിരുന്നു.

ആര്‍.ഒ. പ്‌ളാന്റ് ഉടമ കെ.എ. രഘുനാഥന്റെ കെട്ടിടത്തിനുസമീപം കിടന്നിരുന്ന കുട്ടപ്പന്‍ അപകടംകണ്ട് ആ ഭാഗത്തേക്ക് ഓടിയെത്തി. തുടര്‍ച്ചയായി കുരച്ച് സമീപവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചു. പുലര്‍ച്ചേ നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേല്‍വെളി ശ്യാംകുമാര്‍ എന്നിവര്‍ കുരകേട്ടാണ് ശ്രദ്ധിച്ചത്.

അവര്‍ എറെ പ്രയാസപ്പെട്ട് ജോണിനെ കുളത്തില്‍നിന്നു കരകയറ്റി. തൊട്ടടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വൈക്കം ആശുപത്രിയില്‍ ചികിത്സതേടിയ ജോണ്‍ വീട്ടിലേക്കു മടങ്ങി.
രഘുനാഥന്റെ കെട്ടിടത്തിനുസമീപമാണ് കുട്ടപ്പന്റെ താവളം. രഘുനാഥന്‍ ഉള്‍പ്പെടെ ഈ ഭാഗത്തുള്ളവരാണ് ഇതിനെ പോറ്റുന്നത്.

Exit mobile version