കണ്ണൂര്‍: വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് തികച്ചും ദുഃഖകരമാണെന്ന് തുറന്നുപറഞ്ഞ് കെ സുധാകരന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധം കനക്കുകയാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ഡിവിഷന്‍, തലശ്ശേരി നഗരസഭയിലെ തിരുവങ്ങാട് വാര്‍ഡ്, പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശ്ശേരി എന്നീ സീറ്റുകളിലാണ് ഗ്രൂപ്പ് തര്‍ക്കം വലിയ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്.
ഗ്രൂപ്പ് തര്‍ക്കം നേതാക്കള്‍ ചര്‍ച്ച ചെയ്യുകയും മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും കൈപ്പത്തി ചിഹ്നം നല്‍കി ഡിസിസി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. കെ സുധാകരന്‍ അടക്കമുള്ള നേതാക്കളായിരുന്നു തീരുമാനമെടുത്തത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവര്‍ കെപിസിസിയെ സമീപിക്കുകയായിരുന്നു.
ഇവരുടെ പരാതിയില്‍ കൂടിയാലോചനകളില്ലാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാതി നല്‍കിയവരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കുകയായിരുന്നെന്നാണ് ആരോപണം. ഇതോടെയാണ് ഡിസിസി നേതൃത്വം ഇടഞ്ഞത്.
‘കെപിസിസിക്ക് ലഭിച്ച പരാതിയില്‍ ഡിസിസിയുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനമുണ്ടായത്. ഇവിടെ തീര്‍പ്പാകാത്ത വിഷയങ്ങളുണ്ടെങ്കില്‍ അത് മേല്‍ക്കമ്മറ്റിയെ അറിയിക്കേണ്ടത് ഡിസിസിയാണ്. ഡിസിസി അത്തരമൊരു പരാതി അയച്ചിട്ടില്ല’- കെ സുധാകരന്‍ പറയുന്നു.
‘വ്യക്തികള്‍ നല്‍കിയ പരാതിയുടെ പുറത്താണ് നടപടി. ആ നടപടി കണ്ണൂര്‍ ഡിസിസിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ഇവിടുത്തെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടും അറിഞ്ഞുമാണ് ഞങ്ങള്‍ തീരുമാനമെടുക്കുന്നത്. അവരവിടെ കേവലം പരാതി മാത്രം കണ്ടാണ് തീരുമാനിക്കുന്നത്’, കെ സുധാകരന്‍ വ്യക്തമാക്കി.
ജില്ലാ നേതൃത്വമാണ് പ്രദേശത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും എന്നാല്‍ ജില്ലാ നേതൃത്വത്തോട് കൂടിയാലോചനകള്‍ നടത്താതെ കെട്ടിവെക്കുന്ന പ്രവണതയോട് പ്രാദേശിക നേതൃത്വം തയ്യാറല്ലെന്നുമാണ് കെ സുധാകരന്‍ പ്രതികരിച്ചിരിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ ഡിസിസി അധ്യക്ഷനെയോ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ തന്നെയോ തീരുമാനത്തില്‍ പങ്കാളികളാക്കുകയോ കൂടിയാലോചനകള്‍ നടത്തുകയോ ചെയ്തില്ലെന്നാണ് കെ സുധാകരന്‍ ആരോപിക്കുന്നത്. ഇത്തരം ഏകപക്ഷീയ നിലപാട് അംഗീകരിക്കാനാവില്ലെന്നും വ്യക്തിതാല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിലപാട് ദുഃഖകരമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post