മന്ത്രി കെടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് സർവകലാശാല; വിവാദങ്ങൾക്ക് അവസാനം

minister kt jaleel

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡിക്ക് എതിരായി ഉയർന്ന വിവാദങ്ങൾക്ക് അവസാനം. കെടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സർവകലാശാല വ്യക്തമാക്കി. നേരത്തെ മന്ത്രിയുടെ പിഎച്ച്ഡിക്ക് എതിരെ ഉയർന്ന ആരോപണം സംബന്ധിച്ചുള്ള പരാതി ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്ക് കൈമാറിയിരുന്നു.

വിഷയത്തിൽ തുടർന്ന് വിസി നടത്തിയ അന്വേഷണത്തിലാണ് ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കണ്ടെത്തിയത് .2006ലാണ് കെടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡി ബിരുദം നേടിയത്. ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ മൗലിക സംഭാവനയില്ലെന്നും വിദഗ്ധ പാനൽ പുനഃപരിശോധിക്കണമെന്നുമായിരുന്നു ഉയർന്ന പരാതി.

മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു കെടി ജലീൽ പ്രബന്ധം തയ്യാറാക്കിയത്. എന്നാൽ പ്രബന്ധത്തിൽ ഉദ്ധരണികൾ മാത്രമാണെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നാണ് പരാതിയിലെ ആരോപണം. ഇതോടൊപ്പം വ്യാകരണ പിശക് ഒരുപാടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

അടുത്തിടെ മലബാർ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായ വേളയിലാണ് മന്ത്രിയുടെ പ്രബന്ധം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരാവകാശ നിയമപ്രകാരം പ്രബന്ധം പരിശോധിക്കുകയും വിദഗ്ധ സമിതിയെക്കൊണ്ട് പഠിക്കുകയും ചെയ്ത ശേഷമാണ് ഗവർണർക്ക് പരാതി നൽകിയത്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്ഡി ബിരുദത്തിനെതിരേ ഗവർണർക്ക് പരാതി സമർപ്പിച്ചത്.

Exit mobile version