തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണവും ശക്തമായിരിക്കുകയാണ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി അവസാനിച്ചതോടെ സംസ്ഥാനത്ത് എതിരാളികളില്ലാത്തത് 25 ഓളം സ്ഥാനാര്‍ഥികളാണ്.
ഇവര്‍ എല്ലാവരും ഇടതുസ്ഥാനാര്‍ഥികളാണ്. കണ്ണൂരില്‍ നിന്ന് 18 പേര്‍, കാസര്‍ഗോഡ് നിന്ന് അഞ്ച് പേര്‍, ആലപ്പുഴയില്‍ നിന്നും ഇടുക്കിയില്‍ നിന്നും ഒരാള്‍ വീതം എന്ന കണക്കിലാണ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ 25 സ്ഥാനാര്‍ഥികള്‍ വിജയമുറപ്പിച്ചിരിക്കുന്നത്.
ഇവരില്‍ 22 പേര്‍ക്കെതിരെ ആരും പത്രിക സമര്‍പ്പിക്കാതിരുന്നപ്പോള്‍ മുന്നിടത്ത് എതിര്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. ആന്തൂര്‍ നഗരസഭയിലെ ആറുസീറ്റുകള്‍, മലപ്പട്ടണം പഞ്ചായത്തിലെ അഞ്ചു സീറ്റുകള്‍ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ മൂന്നു സീറ്റുകള്‍, തളിപ്പറമ്പ്-തലശ്ശേരി നഗരസഭകളില്‍ ഒന്നുവീതം, കോട്ടയം മലബാര്‍-എഴോം പഞ്ചായത്തുകളിലെ ഒന്നുവീതം എന്നിങ്ങനെയാണ് കണ്ണൂര്‍ ജില്ലയില്‍ എതിരാളികളില്ലാത്ത ഇടതുസ്ഥാനാര്‍ഥികള്‍.
ഇവിടങ്ങളില്‍ മലപ്പട്ടണം കോട്ടയം മലബാര്‍, കോങ്കോല്‍ ആലപ്പറമ്പ് എന്നി പഞ്ചായത്തുകളില്‍ മുന്‍പും എതിരാളികളില്ലാതെ ഇടതുസ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയായ ആന്തൂരില്‍ കഴിഞ്ഞ തവണ 14 സീറ്റുകളിലാണ് ഇടതുപക്ഷത്തിന് എതിരാളികളില്ലാതിരുന്നത്. ഇത്തവണ അത് ആറായി കുറഞ്ഞിട്ടുണ്ട്.
Discussion about this post